‘ഹൈപ്പറായ കുട്ടി എന്റെ പാട്ട് കേൾക്കുമ്പോൾ ശാന്തനാകുന്നു എന്ന് പറഞ്ഞു വിളിച്ചത് ഒരമ്മയാണ്’; ഹൃദയത്തിൽ തൊട്ട അനുഭവങ്ങൾ പറഞ്ഞ് ഗായിക ആയിഷ

കാതിൽ നിന്നും ഖൽബിലേക്ക് ഊർന്നിറങ്ങുന്ന മധുര സ്വരമാണത്. ആയിഷ അബ്ദുൽ ബാസിത്ത് എന്ന പതിനഞ്ചു വയസ്സുകാരിയുടെ ആലാപനം തസ്ബീഹ് മാലയിലെ മുത്തുപോൽ പവിത്രം.

‘കാതിൽ നിന്നും ഖൽബിലേക്ക് ഊർന്നിറങ്ങുന്ന മധുര സ്വരമാണത്. ആയിഷ അബ്ദുൽ ബാസിത്ത് എന്ന പതിനഞ്ചു വയസ്സുകാരിയുടെ ആലാപനം തസ്ബീഹ് മാലയിലെ മുത്തുപോൽ പവിത്രം.

‘അകലെയെവിടെയോ മറഞ്ഞിരിക്കുന്ന ജന്നത്തിലേക്കുള്ള പാലമാണ് അവളുടെ പാട്ടുകൾ. പടച്ചോൻ ഭൂമിയിലേക്ക് അയച്ച മധുര സംഗീതമാണവൾ’. യുട്യൂബിലെ ആയിഷയുടെകോടിക്കണക്കിന് ആരാധകരിലൊരാൾ കുറിച്ചതിങ്ങനെ. പാട്ടുകൾ ഇത്രയും ജനപ്രിയമായതെങ്ങനെ എന്നു ചോദിച്ചാൽ  ഈ മാഹിക്കാരിക്ക് മറുപടി ഒന്നേയുള്ളൂ…

‘ഉമ്മച്ചി പകർന്നു തന്നതാണ് ഈ പാട്ട്. അവരുടെ പാട്ടിന് നാല് ചുമരിനപ്പുറത്തേക്ക് വരാനുള്ള ഭാഗ്യമുണ്ടായില്ല. ആ അനുഗ്രഹം കൂടി ചേർത്ത് മകളായ എനിക്ക് കിട്ടട്ടേ എന്ന് കരുതിയിട്ടുണ്ടാകണം. പിന്നെ, ഉപ്പയുടെ പിന്തുണ. അവരുള്ളതു കൊണ്ടാണ് എന്നെ ലോകം കേട്ടത്’…

എന്റെ ഖൽബിലെ വെണ്ണിലാവ്…

സംഗീതോപകരണങ്ങളുടെ മേളപ്പെരുക്കമോ ശബ്ദവിന്യാസങ്ങളുടെ ധാരാളിത്തമോ വേണ്ട ആ പാട്ടിന് കൂട്ട്. അവളുടെ ശബ്ദം മാത്രം മതി, ഒരു വട്ടം കേട്ടുകഴിഞ്ഞാൽ നൂറുവട്ടം കേൾക്കാൻ കൊതിപ്പിക്കുന്ന ആയിഷ മാജിക്. മലയാളത്തിൽ തുടങ്ങി അറബിക്, ഉർദു, ഹിന്ദി, തമിഴ്, ഇന്തോനീഷ്യൻ, ടർ ക്കിഷ് വരെ നീണ്ടുപോയ സംഗീത ധാര. അറബ് രാജ്യങ്ങളിൽ  തുടങ്ങി അമേരിക്ക, യുകെ, ബംഗ്ലാദേശ് വരെ ആരാധകർ.

യൂട്യൂബിൽ ആയിഷയുടെ പാട്ടുകൾ കണ്ടവരുടെ എണ്ണം ഇതുവരെ 21 കോടി കടന്നു. ഒരു പാട്ടിന് കോടികൾ കാഴ്ചക്കാരെ കിട്ടിയ നേട്ടവും ഈക്കൂട്ടത്തിലുണ്ട്. ആയിഷയുടെ ആരാധകരിൽ സാധാരണക്കാർ മുതൽ സംഗീതജ്ഞർ വരെയുണ്ട്.

‘‘ഉമ്മച്ചിയാണ് എല്ലാം… പടച്ചോൻ നൽകിയ സംഗീതമെന്ന നിധി എന്റെ ഉമ്മച്ചി തസ്നീം എനിക്കായി അതേപടി കരുതിവച്ചു. മൂന്ന് വയസ്സുള്ളപ്പോഴാണ് ഉമ്മച്ചി പാടുന്ന പാട്ട് കേൾക്കാനും അത് പാടാനും ശ്രമിച്ചത്. എനിക്ക് അനുകരിക്കാനും മാതൃകയാക്കാനും ഗുരുതുല്യരായി കാണാനും ഒരുപാടു പേരുണ്ടെങ്കിലും ആ സ്ഥാനത്ത് കൺമുന്നിൽ തെളിയുന്നത് ഉമ്മച്ചിയുടെ രൂപമാണ്.

കുഞ്ഞുനാളിൽ ഉമ്മ പാടിയ മദ്ഹ് ഗാനങ്ങളെ കൊഞ്ചിപ്പാടാൻ ശ്രമിച്ച ആ മൂന്ന് വയസ്സുകാരിയിൽ നിന്ന് ആയിഷയെ ഇന്നു കാണുന്ന ആയിഷയാക്കി മാറ്റിയ തുടക്കം അവിടുന്നാണ്. പാട്ടിൽ എന്റെ ഇഷ്ടം മനസ്സിലാക്കിയ ഉപ്പ അബ്ദുൽ ബാസിത്ത് എന്നെ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ ചേർത്തു. ബാലപാഠങ്ങൾ ഉറപ്പിച്ചത് അങ്ങനെയാണ്.

ഏഴു വർഷം മുൻപ്, അന്നെനിക്ക് എട്ടു വയസ്സായിരുന്നു. ഞാൻ പാടിയൊരു അറബിക് പാട്ട് ഉപ്പ യൂട്യൂബിൽ പോസ്റ്റ് ചെയ്തു. അത് തരംഗമായി. എന്നാൽ മലയാളികളേക്കാൾ ആ പാട്ട് ഏറ്റെടുത്തത് ഉത്തരേന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവരായിരുന്നു. ഒരുപാട് കമന്റുകളും ലഭിച്ചു. ഉർദു ഗാനങ്ങൾ കൂടുതലായി പാടി യൂട്യുബിലിടണമെന്നായിരുന്നു പലരുടേയും റിക്വസ്റ്റ്.

അങ്ങനെ അല്ലാമ ഇഖ്ബാലിന്റെ ‘ലബ് പേ ആതി ഹേ ദുആ’ ഉൾപ്പെടെയുള്ള കൂടുതൽ ഉർദു ഗാനങ്ങൾ പാടി അ പ്‌ലോഡ് ചെയ്യാൻ തുടങ്ങി.

‘ദുനിയാ കെ എ മുസാഫിർ, താജ്ദാരേ ഹറം, ഹസ്ബി റ ബ്ബി ജല്ലല്ലാഹ്’ തുടങ്ങിയ ആത്മീയ സംഗീതത്തിലെ ഒരുപിടി മികച്ച ഗാനങ്ങൾ എന്റെ സ്റ്റൈലിൽ പാടി പോസ്റ്റ് ചെയ്തു. ‘ഹസ്ബി റബ്ബി ജല്ലല്ലാഹ്’ എന്ന ഗാനം മാത്രം യൂട്യൂബിൽ ഏഴു കോടി പേരാണ് കണ്ടത്. യുട്യൂബിൽ നിന്നു പാട്ടുകൾക്ക് ലഭിച്ച ആകെ കാഴ്ചക്കാരുടെ എണ്ണം എടുത്താൽ അത് 21 കോടി കടന്നു. പക്ഷേ, ഇപ്പോഴും ഞാനൊരു മലയാളി ആണെന്ന വിവരം പലർക്കും അറിയില്ല.

ഇശൽ തേൻകണം കൊണ്ടുവാ…

പതിനഞ്ച് വർഷമായി ഞങ്ങളുടെ കുടുംബം അബുദാബിയിലാണ് താമസം. എന്റെ കുട്ടിക്കാലവും പാട്ടുപഠനവുമെല്ലാം ഇവിടെ തന്നെ. ഉപ്പ ഇവിടെ ഗവൺമെന്റ് ആശുപത്രിയിൽ ഫിനാൻസ് ഡിപാർ‌ട്മെന്റിലാണ്. എനിക്കൊരു അനിയനും അനിയത്തിയുമുണ്ട്. പത്തു വയസ്സുകാരൻ അഹമ്മദും ആറു വയസ്സുകാരി അഹ്‌ലവും.

എനിക്ക് ആകെ അറിയാവുന്ന ഭാഷകൾ മലയാളവും അ റബിയുമാണ്. കൊറിയൻ, ചെച്നിയൻ, ടർക്കിഷ് അങ്ങനെ നിരവധി ഭാഷകളിൽ പാടി. പാട്ട് ഏതു ഭാഷയിൽ ആണെങ്കിലും അതിലെ ഒരോ വാക്കിന്റെയും അർഥം ചോദിച്ചു മനസ്സിലാക്കി പഠിച്ചാണ് പാടുന്നത്. വിവിധ രാജ്യക്കാരായ ഒത്തിരി ചങ്ങാതിമാർ ഉപ്പയ്ക്കുണ്ട്.  അവരുടെ ഒക്കെ സഹായത്താലാണ് ഒരോ പാട്ടിന്റെയും അർഥം പഠിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്നു കിട്ടിയ സുഹൃത്തുക്കളുടെ സഹായവും ഉണ്ട്. ഇന്തോനീഷ്യൻ പാട്ടുകൾക്ക് നല്ല സ്വീകരണമാണ് കിട്ടിയത്. ബംഗ്ലാദേശിൽ നിന്നാണ് ഫോളോവേഴ്സ് കൂടുതൽ.

അവിടുത്തെ ടിവി ചാനലിലും പത്രങ്ങളിലും അഭിമുഖങ്ങൾ വന്നിട്ടുണ്ട്. ഈജിപ്തിലേയും ദക്ഷിണാഫ്രിക്കയിലേയും ചാനലുകൾ, എന്റെ പാട്ടുകൾ ടെലികാസ്റ്റ് ചെയ്തിരുന്നു.

യുകെയിലെ വിഖ്യാത സ്പിരിച്വൽ ഗായകനായ എഹ്സാ ൻ തഹ്മിദ്, നഷീദ് എന്നിവരെ പോലുള്ള പ്രതിഭകളുടെ സംഗീത പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞു.

യുകെയിൽ പാട്ടുകൾക്ക് ആരാധകരേറിയതോടെ ലണ്ടനിൽ അൽ മുബാറക്ക് റേഡിയോയിൽ സംഗീതം അവതരിപ്പിക്കാനും നിയോഗമുണ്ടായി. അന്ന് അവർ തന്ന അസൈൻമെന്റായിരുന്നു ‘ഹസ്ബി റബ്ബി ജല്ലല്ലാഹ്’ എന്ന പാട്ട്.  

രാജ്യാന്തര തലത്തിൽ ഒരു പാട്ട് റിലീസായി എന്നതും പടച്ചോന്റെ കാരുണ്യം. നാലു മാസം മുൻപ് റിലീസായ ‘തസ്ബീഹ്’ എന്ന ആ ഗാനം ഇതു വരെ 40 ലക്ഷം പേരാണ് കണ്ടു കഴിഞ്ഞത്. എ. ആർ. റഹ്മാൻ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തതും അദ്ദേഹത്തിന്റെ കൺസേർട്ടിൽ പങ്കെടുത്ത് അഭിനന്ദനം  ലഭിച്ചതും അതിലും വലിയ ഭാഗ്യം.

മലയാളി സംഗീതജ്ഞരായ ഷഹ്ബാസ് അമൻ, സമീർ ബി ൻസി, ഇമാം മജ്ബൂർ തുടങ്ങിയ പല പ്രതിഭകളെ കാണാനും അവർക്കു മുന്നിൽ പാട്ട് അവതരിപ്പിക്കാനും പറ്റി. ‘ഹലാൽ ലൗ സ്റ്റോറി’ക്കു  വേണ്ടി  ഷഹബാസ് ഇക്ക  പാടിയ  സുന്ദരനായവനേ… എന്ന പാട്ട് എന്റെ സ്റ്റൈലിൽ കവർ വേർഷനായി പാടിയപ്പോഴും കിട്ടി കുന്നോളം ഇഷ്ടം. യൂട്യൂബിൽ  സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 12 ലക്ഷം കടന്നു.’ എല്ലാം പടച്ചോന്റെ അനുഗ്രഹം.

കിനാവു തന്ന കണ്മണി…

ഓരോ സംഗീത യാത്രകളും ഓരോ അനുഭവങ്ങളാണ്. അതിൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാവത്തത് ഞാൻ ഗുരുതുല്യനുമായി കണക്കാക്കുന്ന ഗായകൻ സമി യൂസഫിനെ നേരിട്ടു കാണാൻ കഴിഞ്ഞതാണ്.

പൊതുചടങ്ങിനിടെ ആൾക്കൂട്ടത്തിനിടയിൽ വച്ച് അദ്ദേഹം എന്നെ തിരിച്ചറിഞ്ഞ് അടുത്തേക്ക് വിളിച്ചപ്പോൾ മനസ്സ് നിറഞ്ഞു തുളുമ്പി. എന്നിട്ട് അവിടെ കൂടിയ ജനക്കൂട്ടത്തിന് എന്നെ പരിചയപ്പെടുത്തി. വല്ലാത്തൊരു ലോകത്തായിരുന്നു അപ്പോൾ.

ജീവിതത്തിൽ ഏറ്റവും ആരാധിക്കുന്ന മനുഷ്യനാണ് കൺമുന്നിൽ നിൽക്കുന്നത്. എന്നെകൊണ്ട് ഒരു പാട്ടു പാടിച്ചതിനു ശേഷമാണ് അദ്ദേഹം പോകാൻ അനുവദിച്ചത്. ആ നിമിഷം ഞാൻ ജീവിതത്തിൽ എങ്ങനെ മറക്കും.

സംഗീതമേ നിന്റെ ദിവ്യസൗഭാഗ്യത്തിൽ

ആഗ്രഹങ്ങളുടെ വലിയ പട്ടിക തന്നെയുണ്ട് എന്റെ കയ്യിൽ. കടലോളം വലുപ്പമുള്ള സ്വപ്നങ്ങൾ. എ.ആർ. റഹ്മാനൊപ്പം ചേർന്ന് പ്രവർത്തിക്കണം. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സമി യൂസഫിന്റെ മ്യൂസിക് കൺസേർട്ടിന്റെ ഭാഗമാകണം. എനിക്കിഷ്ടമുള്ള സംഗീത ഉപകരണങ്ങൾ വച്ച് മ്യൂസിക് കൺസേർട്ടുകൾ നടത്തണം.

ആദ്യകാലത്ത് ഉപകരണങ്ങളിലാതെ വായ്പ്പാട്ടുകൾ മാത്രമായിരുന്നു എന്നിൽ നിന്നും പങ്കുവച്ചിരുന്നത്. ഹാർമോണിയം, ഗിറ്റാർ എന്നിവ പഠിക്കുന്നുണ്ട്. അവയെല്ലാം എന്റെ പാട്ടിലേക്ക് കൊണ്ടുവരുന്നുമുണ്ട്. മാൻഡലിൻ ഉൾപ്പെടെയുള്ള സ്ട്രിങ് ഇൻസ്ട്രമെന്റ്സിലും ഒരു കൈ നോക്കണം. പിന്നെ, അൽപസ്വൽപം പെയിന്റിങ്ങും കയ്യിലുണ്ട്. സ്വന്തമായി സംഗീതം ചെയ്ത് പാടണമെന്നതും മനസ്സിൽ കൂടുകൂട്ടിയ സ്വപ്നങ്ങളുടെ പട്ടികയിലുണ്ട്.

പത്താം ക്ലാസിലാണിപ്പോൾ, കുറച്ച് പഠനത്തിരക്കുകൾ ഉണ്ട്. ആ ഇടവേള കഴിഞ്ഞാൽ പഠനത്തിനൊപ്പം സംഗീതത്തിലും സജീവമാകണം. ഇത്രയും അനുഗ്രഹങ്ങൾ തന്ന പടച്ചോൻ എല്ലാ സ്വപ്നങ്ങളും സാധ്യമാക്കും.  ദൈവം വിധികൂട്ടട്ടേ… ഇൻഷാ അല്ലാഹ്…’’

സംഗീതം ആത്മാവിന് മരുന്ന്

‘ഏത് മതവിശ്വാസവും ആയിക്കോട്ടെ. സംഗീതം എന്നത് അദൃശ്യമായ ശക്തിയിലേക്ക് നമ്മളെ ബന്ധിപ്പിക്കും. പാടിത്തുടങ്ങിയ കാലത്താണ് അത് കേട്ടത്, ഓട്ടിസം ബാധിച്ച ഹൈപ്പർ ആയി പെരുമാറുന്ന കുട്ടി എന്റെ പാട്ട് കേൾക്കുമ്പോൾ ശാന്തനായി മാറുന്നു എന്ന് പറഞ്ഞു വിളിച്ചത് ഒരമ്മയാണ്. കീമോ തെറപ്പി ചികിത്സയെ തുടർന്ന് ഒരു പോള കണ്ണടയ്ക്കാനാകാത്ത ഒരാൾ എന്റെ പാട്ട് സാന്ത്വനമായെന്ന് അറിയിച്ച് സന്ദേശം അയച്ചതും ഹൃദയത്തിൽ തൊട്ടാണ്. യൂട്യൂബിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ നല്ലൊരു പങ്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായാണ് ചെലവിടുന്നത്.  

യുട്യൂബിൽ നിന്നു ലഭിക്കുന്ന വരുമാനമോ പ്രശസ്തിയോ എന്നെ ഒരു കാരണവശാലും സ്വാധീനിക്കരുത് എന്ന് ഉപ്പ എപ്പോഴും പറയും. ഇതൊരു  നിയോഗമാണ്. ദൈവം നമ്മളിലൂടെ സംഗീതം വഴി മറ്റുള്ളവരുമായി സംവദിക്കുന്നു. അത്രമാത്രം.’ പ്രായത്തേക്കാൾ തികഞ്ഞ പക്വതയും ആത്മീയതയും പ്രകാശിക്കുന്ന വാക്കുകളിൽ ആയിഷ പറയുന്നു.

Lorem Elsass ipsum id ornare jetz gehts los réchime eget quam, suspendisse rossbolla habitant tchao bissame DNA, knack und semper Oberschaeffolsheim quam. geïz non porta ante eleifend ullamcorper Miss Dahlias bredele ac gravida Pellentesque kartoffelsalad Mauris Salut bisamme sit Morbi Carola hopla Christkindelsmärik kuglopf Strasbourg bissame Pfourtz